കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ (KSCADC)
കേരള സംസ്ഥാനത്തിന്റെ തീരദേശമേഖലയുടെ സമഗ്ര പുരോഗതിയും സുസ്ഥിരമായ വികസനവും ലക്ഷ്യമിട്ടു കൊണ്ട് 1956-ലെ കമ്പനി നിയമം അനുസരിച്ച് 2009 - ലാണ് കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ടത്. സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിന് പുറമെ കേന്ദ്രസർക്കാർ, എൻ.എഫ്.ഡി.ബി, നബാർഡ്, വാണിജ്യ ബാങ്കുകൾ തുടങ്ങി മറ്റു ദേശീയ ധനസഹായ സ്ഥാപനങ്ങൾ വഴിയുള്ള സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ഫണ്ട് സ്വരൂപിച്ച് നിരവധി പദ്ധതികൾ ഇന്ന് കോർപ്പറേഷൻ കേരളമൊട്ടാക്കെ നടപ്പിലാക്കിവരുന്നു. ഏകദേശം 1000 കോടിയോളം രൂപയുടെ പദ്ധതികൾ തീരദേശമേഖലയുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കി വളരെ വിജയകരമായി പൂർത്തീകരിച്ചു വരുന്നു. ഇതിൽ സംസ്ഥാന സർക്കാർ / കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നുമായും തുക കണ്ടെത്തിയിട്ടുണ്ട്.
കേരള സംസ്ഥാനത്തിന്റെ 222 കടലോര ഗ്രാമങ്ങളും 113 കായലോര ഗ്രാമങ്ങളും മാതൃകാ മത്സ്യ ഗ്രാമങ്ങളായി വികസിപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. അടിസ്ഥാനസൗകര്യ വികസനത്തിൽ ഇതരമേഖലകളെ അപേക്ഷിച്ച് മത്സ്യബന്ധന മേഖല ഏറെ പിന്നിലാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് ഇടതുപക്ഷ സർക്കാർ ഈ മേഖലയിൽ വിവിധ വികസന പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ പൂർത്തിയാക്കി വരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തീരദേശ മേഖലയിലെ മത്സ്യബന്ധന അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങൾ, ഭവന നിർമ്മാണം, മത്സ്യമാർക്കറ്റുകൾ എന്നിവയുടെ നിർമ്മാണ ത്തിനും വികസനത്തിനും വിവിധ പദ്ധതികൾ വളരെ കാര്യക്ഷമമായി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഇതിലേക്കായി സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിനു പുറമെ, NABARD, NFDB, KIIFB തുടങ്ങിയ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ഫണ്ട് ലഭ്യമാക്കിക്കൊണ്ട് പദ്ധതികൾ വിപുലീകരിച്ച് നടപ്പിലാക്കുന്നതിൽ ഈ സർക്കാർ വളരെ അധികം വിജയം കൈവരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫിഷറീസ്, ഹാർബർ എഞ്ചിനിയറിംഗ് വകുപ്പുകളുടെ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. 109 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതികൾ, 209 കോടി രൂപയുടെ മത്സ്യബന്ധന ഹാർബറുകൾ, 66 കോടി രൂപയുടെ വിദ്യാഭ്യാസാടിസ്ഥാന സൗകര്യ വികസന പദ്ധതികൾ 120 കോടി രൂപയുടെ ആധുനിക മത്സ്യമാർക്കറ്റ് നിർമ്മാണം എന്നിവയാണ് പ്രധാന കിഫ്ബി പദ്ധതികൾ.
അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് പുറമെ സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിൽ മൂല്യവർദ്ധിത മത്സ്യഉൽപ്പന്നങ്ങളുടെ നിർമ്മാണ വിപണന രംഗത്തേയ്ക്കും കടന്നിരിക്കുന്നു. ശുചിത്വമായ അന്തരീക്ഷത്തിൽ സോളാർ ഡ്രയറിൽ ഉണക്കിയെടുത്ത് ആധുനിക പാക്കേജിംഗ് സംവിധാനം ഉപയോഗിച്ച് പായ്ക്ക് ചെയ്ത ഉണക്ക മത്സ്യ ഉല്പന്നങ്ങൾ ' ഡ്രിഷ് കേരള' എന്ന ബ്രാൻഡിൽ തീരദേശ വികസന കോർപ്പറേഷൻ വിപണിയിലെത്തിച്ചിരിക്കുന്നു. ഇതോടൊപ്പം ശുദ്ധമായ മത്സ്യഉൽപ്പന്നങ്ങൾ സംസ്കരിച്ച് പുതുമ ഒട്ടും തന്നെ നഷ്ടപ്പെടാതെ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി സംരംഭക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'പരിവർത്തനം' എന്ന പേരിൽ മറ്റൊരു നൂതനവും വിപ്ലവകരവുമായ പദ്ധതിക്കും കോർപ്പറേഷൻ തുടക്കം കുറിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി 200 ഓളം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുന്നതാണ്. മത്സ്യം ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനുമുളള പദ്ധതികളും ആവിഷ്ക രിച്ചുവരുന്നു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും തീരക്കടലിൽ കൃത്രിമ പാര് മോഡ്യൂളുകൾ നിക്ഷേപിക്കുന്ന പദ്ധതിയും കോർപ്പറേഷൻ മുഖേനെ നടപ്പിലാക്കി വരുന്നു. അതുമൂലം മത്സ്യസമ്പത്ത് വർദ്ധിക്കുന്നതിനും മത്സ്യകുഞ്ഞുങ്ങളുടെ പ്രജനനത്തിന് കൂടുതൽ സൗകര്യം ഒരുക്കുന്നതുമാണ്.
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ
1. ഭൂരഹിത മത്സ്യത്തൊഴിലാളികൾക്ക് സ്വന്തമായി ഭവനം
കേരള സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് നിർമ്മിച്ച് നൽകുന്നതിനും തൊഴിൽ ചെയ്തു ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുമുളള സംവിധാനവും ഒരുക്കുകയെന്ന ഉദ്ദേശത്തോടെ സർക്കാർ വിവിധ പാർപ്പിട പുനരധിവാസ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു.
ഭൂരഹിത ഭവന രഹിതമത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം എന്ന നിലയിൽ 192 വ്യക്തിഗത ഫ്ളാറ്റുകൾ അടങ്ങിയ ഭവന സമുച്ചയം തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറയിൽ തീരദേശ വികസന കോർപ്പറേഷൻ മുഖേന വളരെ വിജയകരമായി പൂർത്തീകരിച്ചു മത്സ്യത്തൊഴിലാളികൾക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞു. പ്രസ്തുത ഫ്ളാറ്റ് സമുച്ചയം അതിന്റെ ഗുണ നിലവാരത്തിലും, സൗകര്യങ്ങളിലും, സമയബന്ധിതമായ പൂർത്തീകരണത്തിലും ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുളളതാണ്. ഇതേതുടർന്ന് തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിൽ മത്സ്യബന്ധന വകുപ്പ് ഏറ്റെടുത്ത 2.60 ഏക്കർ സ്ഥലത്ത് മുട്ടത്തറ മോഡലിൽ 16 ബ്ലോക്കുകളിലായി 128 വ്യക്തിഗത ഫ്ളാറ്റ് അടങ്ങുന്ന പാർപ്പിട സമുച്ചയം പൂർത്തീകരിക്കുകയും ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു.
ഇതു കൂടാതെ കൊല്ലം ജില്ലയിലെ ക്യൂ.എസ്സ്എസ്സ്. കോളനിയിൽ 179 വ്യക്തിഗത ഫ്ളാറ്റുകൾ അടങ്ങുന്ന ഫ്ളാറ്റ് സമുച്ചയം, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 372 വ്യക്തിഗത ഫ്ളാറ്റുകൾ അടങ്ങുന്ന ഫ്ളാറ്റ് സമുച്ചയം, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്ലിൽ 80 ഫ്ളാറ്റുകളുടെ നിർമ്മാണം എന്നിവയും കോർപ്പറേഷൻ മുഖേനെ നടപ്പിലാക്കുന്നു.
2. തീരദേശ വിദ്യാഭ്യാസാടിസ്ഥാന സൗകര്യ വികസനം
തീരദേശമേഖലയുടെ സാമൂഹ്യ വികസനത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനവും അതോടൊപ്പം തന്നെ സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കളിസ്ഥലങ്ങൾ, വൃത്തിയുളള അടുക്കള, എന്നിവയുടെ നിർമ്മാണം, വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം, സ്പോർട്ട്സ് കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തികൾക്ക് പ്രഥമ പരിഗണന നൽകി നടപ്പിലാക്കി വരുന്നു. 84 കോടിയോളം രൂപയുടെ 34 വിദ്യാഭ്യാസാടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. 25ഓളം പദ്ധതികൾ പൂർത്തീകരിച്ച് പ്രവർത്തന സജ്ജമായിരിക്കുന്നു. തിരഞ്ഞെടുത്ത 4 ഫിഷറീസ് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്ന ബൃഹത്ത് പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം മത്സ്യത്തൊഴിലാളി സമൂഹത്തിലെ ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സൈക്കിൾ ലഭ്യമാക്കുന്ന പദ്ധതി, തീരദേശ സ്കൂളുകളിൽ സ്പോർട്ട്സ് കിറ്റ് വിതരണം, സ്മാർട്ട് ക്ലാസ്സ് നിർമ്മാണം, അടുക്കള നിർമ്മാണം എന്നിവയും നടപ്പിലാക്കുന്നു.
3. തീരദേശ ആരോഗ്യാടിസ്ഥാന സൗകര്യവികസനം
തീരദേശ മേഖലയുടെ സാമൂഹ്യ ആരോഗ്യ വികസനത്തിൽ ആരോഗ്വാടിസ്ഥാന സൗകര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തീരദേശത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, പബ്ലിക്ക് ഹെൽത്ത് സെന്ററുകൾ, സബ് സെന്ററുകൾ, തീരദേശ ആശുപത്രികൾ എന്നിവിടങ്ങളിൽ പശ്ചാത്തല സൗകര്യ വികസനം, മറ്റു ഭൗതിക സൗകര്യങ്ങൾ വികസനങ്ങൾ തുടങ്ങിയ പ്രവൃത്തികൾക്ക് കോർപ്പറേഷൻ പ്രഥമ പരിഗണന നൽകി നടപ്പിലാക്കി പൂർത്തീകരിച്ചുവരുന്നു.
32 കോടിയോളം രൂപയുടെ 20 ആരോഗ്വാടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. 17 ഓളം പദ്ധതികൾ പൂർത്തീകരിച്ച് പ്രവർത്തന സജ്ജമായിരിക്കുന്നു. കൊല്ലം സർക്കാർ ആശുപത്രിയിൽ 30 ഡയാലിസ്സ് യൂണിറ്റുകൾ അടങ്ങുന്ന ഒരു ഡയാലിസ്സിസ്സ് സെന്റർ സ്ഥാപിച്ചത് വളരെയേറെ പ്രശംസ ഏറ്റു വാങ്ങിയ പദ്ധതികളിൽ ഒന്നാണ്.
4. സംസ്ഥാനത്ത് ആധുനിക ശുചിത്വ പൂർണ്ണമായ മത്സ്യമാർക്കറ്റുകളുടെ ശൃംഖല
കടലിൽ നിന്നും പിടിക്കുന്ന മത്സ്യം അതിന്റെ പുതുമയും ഗുണനിലവാരവും നിലനിർത്തി കൊണ്ട് ഗുണഭോക്താവിന്റെ അടുക്കളയിൽ എത്തിക്കാനുതകുന്ന രീതിയിൽ ഒരു കോൾഡ് ചെയിൻ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ ആധുനിക മത്സ്യമാർക്കറ്റുകൾ സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചു വരുന്നു. ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ആനുപാതികമായ വർദ്ധനവ് കൊണ്ടുവരിക, എല്ലാത്തിനും ഉപരി സംസ്ഥാനത്തെ മത്സ്യവിപണനം വിപുലീകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2016-17 സാമ്പത്തിക വർഷത്തിൽ 3.56 കോടിരൂപ അടങ്കൽ തുകയിൽ കൊല്ലം ജില്ലയിലെ കരിക്കോട് ഒരു ആധുനിക മത്സ്യമാർക്കറ്റും 2017-18 സാമ്പത്തിക വർഷത്തിൽ കൊല്ലം ജില്ലയിലെ മയ്യനാട് 1.59 കോടി രൂപ അടങ്കൽ തുകയിൽ ഒരു മത്സ്യമാർക്കറ്റ് സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമായി പദ്ധതി പൂർത്തീകരിച്ചു.
സംസ്ഥാനത്തെ 51 മത്സ്യമാർക്കറ്റുകൾ 120 കോടി കിഫ്ബി ധനസഹായത്തോടെ പുനരുദ്ധരിച്ചു ഹൈടെക്ക് മാർക്കറ്റുകളാക്കി മാറ്റുന്നതിനായി അംഗീകാരം ലഭ്യമായിട്ടുണ്ട്.
5. ഫിഷറീസ് ഫാമുകളുടെയും ഹാച്ചറികളുടെയും വികസനം
കേരളത്തിൽ മത്സ്യബന്ധനം കൊണ്ടുളള മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ മത്സ്യ ഉത്പാദന വർദ്ധനവിനായി ജലകൃഷിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഉൾനാടൻ മത്സ്യകൃഷിയിൽ നിന്നുമുളള ഉത്പാദനം നിലവിലുളളതിൽ നിന്നും ഇരട്ടിയായി വർദ്ധിപ്പിക്കുക, മത്സ്യകർഷകർക്ക് ഗുണനിലവാരമുളള മത്സ്യവിത്തുകൾ ലഭ്യമാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ സംസ്ഥാനത്തിലെ വിവിധ ഫിഷ് ഫാമുകൾ, ഹാച്ചറികൾ എന്നിവ ഇതിനോടകം തന്നെ പുനരുദ്ധരിച്ച് പ്രവർത്തന സജ്ജമായിരിക്കുന്നു.
55.00 കോടി രൂപയുടെ ഫാമുകളുടെയും, ഹാച്ചറികളുടെയും വികസന പ്രവർത്തനങ്ങൾ തീരദേശ വികസന കോർപ്പറേഷൻ മുഖേന ഏറ്റെടുത്ത് പൂർത്തീകരിച്ചു വരുന്നു. ഇതിനോടകം 27.00 കോടിയോളം രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചിരിക്കുന്നു.
6. തീരസമുദ്രത്തിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ പാര് നിക്ഷേപിക്കൽ പദ്ധതി
അമിത വിഭവ ചൂഷണവും മത്സ്യബന്ധന മേഖലയിൽ നിലനിൽക്കുന്ന മത്സരവും, പരിസ്ഥിതി സൗഹൃദമല്ലാത്ത മത്സ്യബന്ധന രീതികളും സംസ്ഥാനത്തിന്റെ തീരക്കടലിലുള്ള മത്സ്യസമ്പത്ത് ഗണ്യമായി കുറയ്ക്കുകയും ആയത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയാകെ ജീവിത സാഹചര്യത്തിന് തന്നെ പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന് ഒരു പരിഹാരമായി തീരക്കടലിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും അത് സുസ്ഥിരമായി പരിപാലിക്കുന്നതിനും പരിസ്ഥിതി സൗഹൃദ മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് 'കൃത്രിമപ്പാര് നിക്ഷേപിക്കൽ പദ്ധതി നടപ്പിലാക്കി വരുന്നത്. കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യഗ്രാമങ്ങളിലെ തീരക്കടലിൽ നിലവിലുള്ള പ്രകൃതിദത്തമായ പാരിന് സമീപം ത്രികോണാകൃതിയിലുള്ള സിമന്റ് കോൺക്രീറ്റ് മോഡ്യൂളുകൾ ജി. പി.എസ്. സഹായത്തോടെ സ്ഥാനനിർണ്ണയം നടത്തി മത്സ്യത്തൊഴിലാളികളുടെ സാന്നിദ്ധ്യത്തിൽ നിക്ഷേപിച്ചു വരുന്നു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, തുമ്പ, പുതുക്കുറിച്ചി, കൊച്ചുതുറ, കൊല്ലംകോട്, പരുത്തിയർ, പൂന്തുറ, പൂവാർ, ബീമാപ്പളളി, വലിയതുറ എന്നിവിടങ്ങളിൽ ഇതിനോടകം കൃത്യമ പാരുകൾ സ്ഥാപിച്ചുകഴിഞ്ഞു.
7. തീരസംരക്ഷണ പ്രവർത്തികൾ
ഏകദേശം 590 കിലോമീറ്റർ ദൈർഘ്യമുളള കേരളത്തിരത്തിൽ 218 കിലോമീറ്ററോളം നിരന്തര കടലാക്രമണ നേരിടുന്ന പ്രദേശങ്ങളാണ്. ഇതിൽ തന്നെ 55 കിലോമീറ്ററോളം തീരം അതിരൂക്ഷ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. ഇപ്രകാരം കടലാക്രമണ ഭീഷണി നേരിടുന്ന തുറമുഖ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ദീർകാല ഗവേഷണങ്ങൾക്കൊടുവിൽ തീരസംരക്ഷണ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നു. കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന തീരസംരക്ഷണ പ്രവർത്തികളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. 7 പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ ജില്ലയിലെ തലായ് ഫിഷിംഗ് ഹാർബർ അനുബന്ധ കടൽ തീരസംരക്ഷണം ഇതിനോടകം പൂർത്തീകരിച്ചു. കൊല്ലം ബീച്ച് മുതൽ താന്നിവരെ തീരസംരക്ഷണം, മഞ്ചേശ്വരം ഫിഷിംഗ് ഹാർബർ അനുബന്ധ കടൽ തിര സംരക്ഷണം, ചേറ്റുവ ഫിഷിംഗ് ഹാർബർ അനുബന്ധ കടൽ തീരസംരക്ഷണം എന്നിവ ധ്രുതഗതിയിൽ പൂർത്തീകരിച്ചുവരുന്നു. മുതലപ്പൊഴി ഫിഷറി ഹാർബർ താഴംപള്ളി, കഠിനംകുളം കടൽ തീരസംരക്ഷണം, കായംകുളം ഫിഷിംഗ് ഹാർബർ അനുബന്ധ കടൽ തീരം സംരക്ഷണം, തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ അനുബന്ധ കടൽ തീരസംരക്ഷണം ആരംഭിക്കേണ്ടതുണ്ട്.
പൂന്തുറ വലിയതുറ പ്രദേശം സംസ്ഥാനത്ത് തന്നെ ഏറ്റവും രൂക്ഷമായി കടൽക്ഷോഭം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ്. കൺവെൻഷണൽ രീതിയിലുള്ള കടൽഭിത്തി നിർമ്മാണം കൊണ്ടു മാത്രം ഇവിടത്തെ കടലാക്രമണം ശാശ്വതമായി ചെറുക്കാൻ കഴിയില്ല. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രമുഖ സമുദ്ര ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയും (NIOT) കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും സംയുക്തമായി അനുയോജ്യമായ ഒരു തീരസംരക്ഷണ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുണ്ട്. 100 മീറ്റർ നീളത്തിൽ ഓഫ്ഷോർ ബ്രേക്ക് വാട്ടറുകൾ തീരത്തുനിന്നും 100 മീറ്റർ അകലത്തിൽ തീരത്തിനു സമാന്തരമായി നിർമ്മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൂന്തുറ പ്രദേശത്തെ 700 മീറ്റർ തീരസംരക്ഷണ പ്രവർത്തികൾക്കായി 19.57 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ആദ്യഘട്ടമായി നടപ്പിലാക്കുന്നത്. പ്രസ്തുത പ്രവർത്തിയുടെ പൂർത്തികരണത്തിനു ശേഷം പദ്ധതിയുടെ പ്രതികരണം പഠന വിധേയമാക്കിയതിനു ശേഷം മറ്റുതീരങ്ങളായ പൂന്തുറ, ബീമാപ്പളളി, ശംഖുമുഖം, വലിയതുറ എന്നീ പ്രദേശങ്ങൾ അടങ്ങുന്ന ഏകദേശം 6 കിലോമീറ്റർ തീരത്ത് പ്രസ്തുത പ്രവർത്തി നടപ്പിലാക്കുന്നതാണ്. മൊത്തം പ്രവർത്തി നടപ്പിലാക്കുന്ന തിനായി 150 കോടിരൂപയുടെ അംഗീകാരം കിഫ്ബി ഇതിനോടകം നൽകിയിട്ടുണ്ട്.
8. കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പുതിയ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്ന തിനായി 112.218 കോടി രൂപയുടെയും, ആലപ്പുഴ ജില്ലയിലെ ചെത്തിയിൽ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിനായി 97.43 കോടി രൂപയുടെയും അംഗീകാരം കിഫ്ബിയിൽ നിന്നും ലഭ്യമായിട്ടുണ്ട്. പ്രസ്തുത പദ്ധതികളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്.
9. തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അന്തർദേശീയ നിലവാരത്തിൽ സൈക്കിൾ പാതയോടു കൂടിയ തീരദേശ ഹൈവേ നിർമ്മാണത്തിന് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തീരദേശ മേഖലയുടെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടുളള പ്രസ്തുത ഹൈവേ തിരുവനന്തപുരത്ത് പൂവാറിൽ നിന്ന് ആരംഭിച്ച കാസർഗോഡ് തലപ്പാടിക്ക് സമീപം കുഞ്ചത്തൂരിൽ അവസാനിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെ സഞ്ചരിക്കുന്നു. പ്രസ്തുത ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി തീരദേശ വികസന കോർപ്പറേഷനെയാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർവ്വേ പ്രവർത്തനങ്ങൾ കോർപ്പറേഷൻ മുഖേനെ ധ്രുതഗതിയിൽ പൂർത്തിയാക്കിവരുന്നു. ടുറിസം മേഖലയിലെ മുന്നേറ്റത്തിനും അതോടൊപ്പം പൊതു വികസനത്തിനും ഗതാഗതത്തിനും പ്രസ്തുത തീരദേശ പാത മുഖ്യ പങ്ക് വഹിക്കും.
10. സി എസ് ഐ എൻ ഡി (CSIND) വെസ്റ്റ്കോസ്റ്റ് കോവളം വർക്കല വികസനം പാർവതി പുത്തനാർ പുനരധിവാസം
കോവളം, വർക്കല ഭാഗത്തെ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ പാർവതി പുത്തനാർ ഭാഗത്ത് മാത്രം ഏകദേശം 863 കുടുബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. പ്രസ്തുത പുനരധിവാസം നടപ്പിലാക്കുന്ന ചുമതല കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് ഏൽപ്പിച്ച് ഉത്തരവാ യിട്ടുളളത്. പ്രസ്തുത ഉത്തരവിൻമേൽ നടപടികൾ സ്വീകരിച്ചുവരുന്നു.
11. മൂല്യവർദ്ധിത മത്സ്യ ഉൽപന്ന നിർമ്മാണവും വിതരണവും
സംസ്ഥാനത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനു ഗണ്യമായ പങ്ക് വഹിക്കുന്നുവെങ്കിലും അതിനനുസൃതമായ സാമൂഹിക അംഗീകാരം ലഭിക്കാത്ത മത്സ്യത്തൊഴിലാളികളുടെ സമഗ്രമായ വികസനവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി മത്സ്യവിപണിയിൽ സജീവമാകുകയാണ്. ഡ്രിഷ് കേരള, ഫിഷ് മെയ്ഡ് എന്നീ ബ്രാൻഡുകളിൽ തീരദേശ വികസന കോർപ്പറേഷൻ വിപണിയിലെത്തിക്കുന്ന മൂല്യവർദ്ധിത മത്സ്യ ഉൽപന്നങ്ങൾക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചു വരുന്നത്.
മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് തൊഴിലവസരവും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള മൂല്യവർദ്ധിത മത്സ്യഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ശക്തികുളങ്ങരയിൽ നളപാകം എന്ന പേരിലുള്ള കോമൺ പ്രോസസ്സിംഗ് പ്ലാന്റ് പ്രവർത്തിച്ചുവരുന്നു. പ്രസ്തുത പ്ലാൻറിൽ നിന്നും ഡ്രിഷ് കേരള' എന്ന പേരിൽ ഗുണനിലവാരമുറപ്പാക്കിക്കൊണ്ട് ഉണക്കമത്സ്യവും 'ഫിഷ് മെയ്ഡ്' എന്ന പേരിൽ മൂല്യവർദ്ധിത മത്സ്യ വിഭവങ്ങളും ഉൽപ്പാദിപ്പിച്ചു വരുന്നു. മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് സംഭരിക്കുന്ന മത്സ്യം ഒട്ടും മൂല്യശോഷണം സംഭവിക്കാതെ പ്ലാൻറിൽ എത്തിച്ച് പ്രത്യേകം പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി വനിതകൾ വഴി പ്രീപ്രോസസിംഗ് നടത്തിയശേഷമാണ് സോളാർ ഡെയറിലേക്ക് ലോഡ് ചെയ്യുന്നത് ശരാശരി 10 മണിക്കൂർ കൊണ്ട് ഉണക്കി കിട്ടുന്ന ഉൽപ്പന്നത്തെ തികച്ചും ശുചിത്വമാർന്ന അന്തരീക്ഷത്തിൽ അണുവിമുക്തമായ രീതിയിൽ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുന്ന തരത്തിൽ നൈട്രജൻ പായ്ക്കറ്റുകളിലാണ് പായ്ക്ക് ചെയ്തു വിപണിയിൽ എത്തിക്കുന്നത്. ആവശ്യത്തിനുമാത്രം ഉപ്പും ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ജലാംശവും നിലനിർത്തിയാണ് ഡ്രിഷ് കേരള' ഉണക്കമത്സ്യം തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ CIFTന്റെ സർട്ടിഫിക്കറ്റോടെയാണ് ഉൽപ്പന്നം വിപണിയിലെത്തിച്ചിട്ടുള്ളത്. ഡ്രിഷ് ഉൽപ്പന്നങ്ങൾക്ക് FSSAI യുടെ ലൈസൻസും, MPEDA യുടെ Export ലൈസൻസും പാക്കിംഗിന് 2015ലെ ഇൻഡ്വാ സ്റ്റാർ അവാർഡും 2015-ലെ ഏഷ്യാസ്റ്റാർ അവാർഡും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. അഷ്ടമുടി ' എന്ന പേരിൽ തെള്ളി ചെമ്മീനും ' നീണ്ടകര ' എന്ന പേരിൽ കരിക്കാടി ചെമ്മീനും ' മലബാർ ' എന്ന പേരിൽ നെത്തോലിയുമാണ് ആദ്യഘട്ടമായി വിപണിയിൽ എത്തിച്ചിരുന്നത്. എന്നാൽ മറ്റു വിവിധ ഇനം ഉണക്ക മത്സ്യ ഉൽപ്പന്നങ്ങളും, വിവിധങ്ങളായ മീൻ അച്ചാറുകളും ചമ്മന്തിപ്പൊടിയും കോർപ്പറേഷൻ മുഖേന വിപണിയിൽ എത്തിക്കുന്നു.
ഇതു കൂടാതെ കേരളത്തിന്റെ ആദ്യത്തെ ഫാസ്റ്റ് ഫിഷ് ബ്രാൻഡ് ‘ഫിഷ് മെയിഡ് ' കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ സെൻറ്ട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെ വിപണിയിലെത്തിച്ചിരിക്കുന്നു. വ്യത്യസ്തവും ആസ്വാദ്യകരവുമായ 26 ഓളം മൂല്യവർദ്ധിത മത്സ്യവിഭവങ്ങൾ ഫിഷ് കട്ലറ്റ്, ക്യൂട്ട്ടോട്സ്, ഫിഷ് ബർഗർ, ഫിഷ് റോൾ, ഫിഷ് മാമോസ്, സമോസ, ഡേറ്റ്സ് ഡിലൈറ്റ്, ഡോനട്ട് എന്നിങ്ങനെ നാവിൽ കൊതിയൂറുന്ന റെഡി ടു സേർവ് വിഭവങ്ങൾ ഇതിലുൾപ്പെടുന്നു. ശരീരത്തിനാവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ്, പോളി അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ ധാരാളമായി അടങ്ങിയ മത്സ്യ ഉൽപ്പന്നങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്.
കൊല്ലം ശക്തിക്കുളങ്ങരയിലുള്ള നളപാകം മത്സ്യ സംസ്കരണ യൂണിറ്റിൽ ഉൽപാദിപ്പിക്കുന്ന ഇവ മത്സ്യത്തൊഴിലാളികളുടെ പരിശ്രമത്തിന് കൂടുതൽ മൂല്യം ഉറപ്പാക്കുന്നു. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിലെ സ്ത്രീകളടങ്ങുന്ന ഗുണഭോക്തൃ സംഘങ്ങൾ വൃത്തിയുള്ള അന്തരീക്ഷത്തിൽ തയ്യാറാക്കുന്ന ഫിഷ് മെയ്ഡ് വിഭവങ്ങൾ ഗുണമേന്മയിൽ മുൻപന്തിയിലാണ്. ഓരോ മത്സ്യത്തൊഴിലാളികളുടെ പരിശ്രമത്തിനും കൂടുതൽ മൂല്യം, മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് കൂടുതൽ വരുമാനം ഒപ്പം ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പ്രദാനം ചെയ്യുക എന്നതാണ് കോർപ്പറേഷൻ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.
12. ഓഖി പാക്കേജ് വിഴിഞ്ഞം മത്സ്യസംസ്കരണ യൂണിറ്റും വിപണന ഔട്ട് ലെറ്റും
കേരള സംസ്ഥാന തീരദേശവികസന കോർപ്പറേഷൻ മുഖേന 4 കോടിരൂപ ഓഖി ഫണ്ട് ഉപയോഗിച്ച് ആധുനിക സമുദ്ര ഭക്ഷ്യ സംസ്കരണ യൂണിറ്റും വിപണന ഔട്ട് ലെറ്റും തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞത്ത് പൂർത്തീകരിച്ചുവരുന്നു. ഓഖിദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങൾ പുനസ്ഥാപിക്കുന്നതിനായി വിഴിഞ്ഞം തുറമുഖ പ്രദേശത്ത് ഒരു ആധുനിക സമുദ്ര ഭക്ഷ്യ സംസ്കരണ യൂണിറ്റും വിപണന ഔട്ട് ലെറ്റും ആരംഭിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. മത്സ്യ ഉത്പാദനം, വിപണനം കൂടാതെ സീഫുഡ് റെസ്റ്റോറൻറുകൾ മുഖേന വിവിധ തരം മത്സ്യ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
13. മത്സ്യമേഖലയിൽ സമൂലമാറ്റങ്ങളോടെ 'പരിവർത്തനം' ജനകീയ പദ്ധതിക്ക് തുടക്കം
ശുദ്ധമായ മത്സ്യ ഉൽപ്പന്നങ്ങൾ സംസ്ക്കരിച്ച് പുതുമ നഷ്ടപ്പെടാതെ വിതരണം ചെയ്യുന്ന തുൾപ്പെടെയുള്ള നിരവധി സംരംഭക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തീരദേശ വികസന കോർപ്പറേഷൻ പൈലറ്റ് വ്യവസ്ഥയിൽ ആരംഭിച്ചിരിക്കുന്ന 'പരിവർത്തനം' എന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുക, അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് അനുയോജ്യമായി തൊഴിൽ നൈപുണ്യം നൽകി ജോലിനേടാൻ പ്രാപ്തരാക്കുക, മത്സ്യ ഉൽപ്പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പാക്കുക, പൊതുജനങ്ങൾക്ക് മായമില്ലാത്ത മത്സ്യം ഓൺലൈനായടക്കം എളുപ്പത്തിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണുളളത്. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കും കോവിഡ് പ്രതിസന്ധികാരണം തൊഴിൽ നഷ്ടപ്പെട്ട് മറുനാടുകളിൽ നിന്ന് മടങ്ങിയവർക്കും പരിഗണന നൽകും. നിരവധിനുതന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ 'മിമി" (Mimi)എന്ന പേരിൽ വിപണിയിൽ എത്തിച്ചുവരുന്നു. പച്ച മത്സ്യ ഉൽപ്പന്നങ്ങൾ, അന്തരീക്ഷോഷ്മാ വിൽ രണ്ടു വർഷം വരെ സൂക്ഷിക്കാൻ കഴിയുന്ന റിട്ടോർട്ട് പായ്ക്കിലുള്ള മീൻകറി, മാരിനേറ്റഡ് മത്സ്യം, ഉണക്ക മത്സ്യം, അച്ചാറുകൾ എന്നീ ഉൽപ്പന്നങ്ങളാണ് നിലവിൽ വിപണിയിൽ എത്തിച്ചുവരുന്നത്. പ്രസ്തുത ഉൽപ്പന്നങ്ങൾ http//play.google.com/store/apps/details എന്ന ലിങ്കിലൂടെയോ അല്ലെങ്കിൽ ഫോണിലുളള പ്ലേ സ്റ്റോർ ആപ്പിലൂടെയോ മിനി ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. നിലവിൽ കൊല്ലം ജില്ലയിൽ ഈ സൗകര്യം ലഭ്യമാണ്. മിമി ആപ്പിന്റെ സേവനം കോട്ടയം, പത്തനംത്തിട്ട, ആലപ്പുഴ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന തിനുളള നടപടി സ്വീകരിച്ചു വരുന്നു. കൂടാതെ കൊല്ലം ജില്ലയിൽ മിമി ഉൽപ്പന്നങ്ങളുടെ 13 കിയോ സ്കുകൾ ജില്ലയിലെ തന്നെ താൽപര്യമുളള ചെറുകിട സംരംഭകർ ആരംഭിച്ചു കഴിഞ്ഞു. കൊല്ലം, കോട്ടയം, പത്തനംത്തിട്ട, ആലപ്പുഴ ജില്ലകളിലെ മിമിസ്റ്റോറുകൾ തുറക്കാൻ താൽപര്യമുളളവർ www. Parivarthanam. org എന്ന വെബ് സൈറ്റിലോ 9383454647 എന്ന നമ്പരിലോ ബന്ധപ്പെടാം.
14. കൺസൾട്ടൻസി പ്രവർത്തനങ്ങൾ
തീരദേശവികസന കോർപ്പറേഷൻ മുഖേന കേന്ദ്ര സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് പുറമെ വിവിധ വകുപ്പുകൾ, ഏജൻസികൾ, യൂണിവേഴ്സിറ്റികൾ എന്നിവരുടെ കൺസൾട്ടൻസി പദ്ധതികളും ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചു വരുന്നു. അത്തരത്തിൽ നടപ്പിലാക്കി വരുന്ന ഒരു ബൃഹത്ത് പദ്ധതിയാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ് (KUFOS) ലെ വികസന പ്രവർത്തനങ്ങൾ. 70 കോടിയോളം രൂപയുടെ അക്കാഡമിക്ക് ബ്ലോക്കുകൾ, റിസർച്ച് കേംപ്ലക്സുകൾ, സെമിനാർ കോപ്ലക്സുകൾ, വർക്ക്ഷോപ്പ്, സബ്സ്റ്റേഷൻ, ഹോസ്റ്റൽ ബ്ലോക്ക്, മത്സ്യകുളങ്ങൾ, ഒ എച്ച് ടാങ്ക്, നെറ്റ് വർക്കിംഗ് സിസ്റ്റം എന്നിവ പൂർത്തീകരിച്ചു വരുന്നു.
ഇതുകൂടാതെ ഫിഷറീസ് വകുപ്പിലെ തന്നെ ഇതര ഏജൻസികളുടെ വർക്കുകൾ, ടൂറിസം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ബയോഡൈവേഴ്സിറ്റി ബോർഡ്, ഡി. റ്റി പി. സി. നാഷണൽ ഹെൽത്ത് മിഷൻ, കയർഫെണ്ട്, കാപ്പെക്സ്, വിവിധ എം എൽ എ ധനസഹായ പദ്ധതികൾ എന്നിവയും കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.
15. കേരള ബീച്ചുകളിൽ ജർമൻ നിർമ്മിത അതിവേഗ ക്ലീനിംഗ് മെഷീൻ
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന്റെ CZR ഫണ്ട് / കൊല്ലം എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ജർമ്മൻ നിർമ്മിത സർഫ്റേക്കർ എന്ന അതിവേഗ ക്ലീനിംഗ് മെഷീൻ കേരളത്തിൽ എത്തിച്ചിരിക്കുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു മെഷീൻ ഇറക്കുമതി ചെയ്തിരിക്കുന്നത്. ആദ്യഘട്ടമായി കൊല്ലം ബീച്ചിൽ പ്രവർത്തിപ്പിക്കുന്ന പ്രസ്തുത മെഷീൻ തീരത്ത് അടിഞ്ഞു കൂടുന്ന മാലിന്യം അതിവേഗം നീക്കം ചെയ്യുന്നതിന് വളരെ പ്രയോജനപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്സന്ദർശിക്കുക : https://www.keralacoast.org/