എല്ലാ വശങ്ങളും വലകളാൽ ചുറ്റപ്പെട്ട കൂടുകളിൽ ശുദ്ധജല മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ സാന്ദ്രതയിൽ മത്സ്യംവളര്‍ത്തുന്ന കൃഷിരീതിയാണ് കൂടുകളിൽ ശുദ്ധ ജല മത്സ്യകൃഷി. വളരെയധികം ആയാസരഹിതമായ പരിപാലനമുറകൾ ശാസ്ത്രീയമായി പാലിച്ച്, പൂര്‍ണ്ണമായോ, ഭാഗികമായോ വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നു. ശുദ്ധജല സ്ത്രോസുകളായ ക്വാറി കുളങ്ങൾ ആഴംകൂടിയ വെള്ളകെട്ടുകൾ എന്നിവയിൽ കൂടുകൾ സ്ഥാപിച്ച് ശുദ്ധജല മത്സ്യകൃഷി ചെയ്യുവാൻ സാധിക്കുന്നതാണ്. പങ്കേയസ്, ഗിഫ്റ്റ് (തിലാപ്പിയ) എന്നീ മത്സ്യങ്ങളെ കൂടാതെ കൈതകോര, കാരി എന്നിവയെ കൂടുകളില്‍ വളര്‍ത്താവുന്നതാണ്. 4 മീറ്ററോളം താഴ്ചയുള്ള വെള്ളകെട്ടുകളാണ് ഇതിലേക്ക് ഉപയോഗിക്കാവുന്നത്. ജി.ഐ പൈപ്പുകളില്‍ ഉയര്‍ന്ന സാന്ദ്രതയോടുകൂടിയ പോളിത്തീൻ പുറംവലയും നൈലോണ്‍ ഉള്വലയുമായി ആവരണം ചെയ്തിരിക്കുന്ന വലകൂടുകൾ സ്ഥാപിക്കുമ്പോൾ അടിത്തട്ടിൽ നിന്ന് കുറഞ്ഞത് അരമീറ്ററോളം കൂടിന്റെ അടിവശം ഉയര്‍ന്നിരിക്കണം. 4x3x2.5 മീറ്റർ ഫ്ലോട്ടിംഗ് കൂടുകളാണ് അനുയോജ്യം. കൂടിന്റെ മുകള്‍വശം ഇതേവലകൾ തന്നെ ആവരണം ചെയ്യുകയും, മത്സ്യങ്ങള്‍ക്കു തീറ്റ നല്‍കുന്നതിനുള്ള മുകള്‍വശം അടക്കുന്നതിനും, തുറക്കുന്നതിനും സംവിധാനം ഉള്ളതായിരിക്കണം. ഫ്ലോട്ടുകൾ, ബാരലുകൾ എന്നിവയുടെ സഹായത്തോടുകൂടി കൂടുകൾ നിശ്ചിത സ്ഥലത്തില്‍ സ്ഥാപിക്കാവുന്നതാണ്. 60 ക്യൂബിക് മീറ്റർ വിസ്തൃതിയുള്ള 2 കൂടുകൾ അടങ്ങുന്ന ഒരു യൂണിറ്റ് ചെലവ് 3.00 ലക്ഷം രൂപയാണ്. ഇതില്‍ അടിസ്ഥാന പ്രവര്‍ത്തന ചെലവുകള്‍ക്ക് 1.8 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. പുതിയ യൂണിറ്റുകള്‍ക്ക് യൂണിറ്റ് ചെലവിന്റെ 40% ഉം, ഇതിനകം സ്ഥാപിച്ച യൂണിറ്റ് പ്രവര്‍ത്തന ചെലവിന് 20% ഉം ആണ് ഉള്ളത്.