കേരളത്തിന്റെ കാലാവസ്ഥ അലങ്കാര മത്സ്യകൃഷി വികസനത്തിന് അനുയോജ്യമാണ്. അലങ്കാര മത്സ്യവികസനത്തിനായി സംസ്ഥാനത്തെ 14 ജില്ലകളിലും മത്സ്യകർഷക വികസന ഏജൻസി മുഖാന്തിരം കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കി വരുന്നു. സർക്കാർ തലത്തിൽ പത്തനംതിട്ട ജില്ലയിൽ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സും, കോട്ടയം ജില്ലയിൽ പള്ളം ഫിഷ് സീഡ് ഫാമും ശുദ്ധജല അലങ്കാര മത്സ്യോൽപാദന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. പാലക്കാട് ജില്ലയിൽ മലമ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യത്തിന്റെ ആകൃതിയിലുള്ള അക്വേറിയം വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് അലങ്കാരമത്സ്യങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് നെയ്യാർ ഡാമിൽ നാഷണൽ സെന്റർ ഫോർ ഓർണമെന്റൽ ഫിഷറീസ് പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ സംസ്ഥാനത്ത് അലങ്കാര മത്സ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും, വ്യവസായ കയറ്റുമതി വിപണിയുടെ സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.